ഡാളസ്: കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി.ഡി. സതീശന് ഐഒസി ഡാളസ് കേരള ചാപ്റ്റർ അഭിനന്ദനങ്ങൾ നേർന്നു. സത്യസന്ധമായ രാഷ്ട്രീയത്തിന്റെയും ജനകീയ പോരാട്ടത്തിന്റെയും വിജയമാണ് വി.ഡി. സതീശന്റെ സ്ഥാനാരോഹണമെന്ന് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാൻ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന കേരള ജനത ആഗ്രഹിച്ച മാറ്റമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷം അദ്ദേഹം നടത്തിയ ശക്തമായ ഇടപെടലുകളും ക്രിയാത്മകമായ നിലപാടുകളുമാണ് യുഡിഎഫിനെ ഉജ്വല വിജയത്തിലേക്ക് നയിച്ചതെന്ന് ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അഴിമതിയില്ലാത്തതും സുതാര്യവുമായ ഭരണം കേരളത്തിന് നൽകാൻ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് സാധിക്കുമെന്നും നവകേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ഈ പുതിയ നേതൃത്വം കരുത്തുപകരുമെന്നും ഐഒസി കേരള ചാപ്റ്റർ ചെയർമാൻ സാക്ക് തോമസ് അഭിപ്രായപ്പെട്ടു.